October 02, 2011

അധ്യാപക പരിശീലനരംഗം മെച്ചപ്പെടുത്തുവാനും ബി.എഡ് അധ്യാപകരുടെ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുവാനും സമര്‍പ്പിക്കുന്ന നിവേദനം



യൂനിവേഴ്സിറ്റി ബി.എഡ് സെന്ററുകളില്‍ അധ്യാപകരും പ്രിന്‍സിപ്പാള്‍മാരും ചൂഷണസമാനമായ സാഹചര്യങ്ങളില്‍ ആണു് ജോലി ചെയ്യുന്നത്. യൂനിവേഴ്സിറ്റി വിദ്യാഭ്യാസ പരിശീലന സെന്ററുകളില്‍  ബി.ഏഡ്. അധ്യാപകരുടെ ഇന്നത്തെ അവസ്ഥ:
  • അധ്യാപകരുടെ ശമ്പളം:12,000 രൂപ (മൊത്തം); പ്രിന്‍സിപ്പാളിനു് ശമ്പളം: 15,000 രൂപ (മൊത്തം);
  • വാര്‍ഷിക വര്‍ദ്ധന വെറും Rs.250/-. പത്തും പതിനഞ്ചും വര്‍ഷം പ്രവര്‍ത്തി പരിചയവും ഡോക്ടറേറ്റും ഉള്ള പ്രിന്‍സിപ്പാള്‍മാര്‍ക്ക് പോലും മാസ ശമ്പളം Rs.16500/- ല്‍ താഴെ.
  • സേവനം കരാര്‍ അടിസ്ഥാനത്തില്‍. ജോലി സ്ഥിരത ഒട്ടും ഇല്ല
  • സെന്ററുകളില്‍ അദ്ധ്യാപകരും പ്രിന്‍സിപ്പാളും കരാര്‍ അടിസ്ഥാനത്തില്‍ തുഛമായ വേതനം പറ്റുന്നവരാണു എങ്കിലും ലൈബ്രറിയന്‍, ക്ലാര്‍ക്ക്, പ്യൂണ്‍ എന്നിവര്‍ സ്ഥിരം ജീവനക്കാരാണു എന്നതാണു് കൗതുകകരമായ വസ്തുത.
  • മെഡിക്കല്‍ ബെനിഫിറ്റ്, പ്രസവാവധി എന്നീ ആനുകൂല്യങ്ങള്‍ യാതൊന്നും ഇല്ല. അസുഖം ബാധിച്ചാല്‍ ശമ്പളവും ഇല്ല, ചികില്‍സാ ചിലവും ഇല്ല, ജോലിയും ഉറപ്പില്ല
  • തൊണ്ണൂറു ശതമാനം അധ്യാപകരും ഉന്നത ബിരുദധാരിണികള്‍ ആയ വനിതകള്‍ ആണു്; മിക്കവരും യു.ജി.സി അധ്യാപക യോഗ്യത ഉള്ളവരും, ചിലര്‍ വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റ് ഉള്ളവരും ആണു്.
  • സര്‍ക്കാര്‍- എയിഡഡ് കോളേജുകളിലെ സ്ഥിര അധ്യാപകര്‍ക്ക് നല്‍ക്കുന്നത് പോലെ പ്രമോഷനോ “അസി. പ്രൊഫസ്സര്‍, പ്രൊഫസ്സര്‍, റീഡര്‍” തുടങ്ങിയ സ്ഥാനപ്പേരുകളോ നല്‍കുന്നില്ല.
  • സെന്ററുകളില്‍ ഉള്ള പ്രവൃത്തി പരിചയം പി.എസ്.സി. നിയമനങ്ങള്‍ക്കും യൂണിവേഴ്സിറ്റി നിയമനങ്ങള്‍ക്കും യോഗ്യതയായി അംഗീകരിച്ചിട്ടു പോലും ഇല്ല.
  • സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന സര്‍വശിക്ഷാ അഭിയാന്‍, ഐ.ടി. അറ്റ് സ്കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ രീതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നല്‍കുന്ന പരിശീലനത്തില്‍ ബി.ഏഡ്. അധ്യാപകരെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതു മൂലം അധ്യാപകര്‍ ആവാന്‍ പരിശീലനത്തിനെത്തുന്നവര്‍ക്ക് ആധുനിക പരിഷ്കാരങ്ങളെ കുറിച്ച് അറിവോ പരിശീലനമോ ലഭിക്കുന്നില്ല.


ആവശ്യങ്ങള്‍:
  1. യൂണിവെഴ്സിറ്റിയുടെ ബി.എഡ് സെന്ററുകളില്‍ യോഗ്യത ഉള്ള ബി.എഡ്. അധ്യാപകര്‍ക്കും പ്രിന്‍സിപ്പാള്‍മാര്‍ക്കും യു.ജി.സി അനുശാസിക്കുന്ന സേവന-വേതന വ്യവസ്ഥകള്‍ നടപ്പാക്കുക.
  2. യോഗ്യത ഉള്ള അധ്യാപകരെയും പ്രിന്‍സിപ്പാള്‍മാരെയും സ്ഥിരപ്പെടുത്തുക
  3. സര്‍ക്കാര്‍ കോളേജുകളില്‍ നല്‍കുന്ന പോലെ “അസി. പ്രൊഫസ്സര്‍, പ്രൊഫസ്സര്‍, റീഡര്‍”  തുടങ്ങിയ തസ്തികകളിലേക്ക് പ്രൊമൊഷന്‍ നല്‍കുക
  4. സെന്ററുകളില്‍ ഉള്ള പ്രവൃത്തി പരിചയം പി.എസ്.സി. നിയമനങ്ങള്‍ക്കും യൂണിവേഴ്സിറ്റി നിയമനങ്ങള്‍ക്കും യോഗ്യതയായി അംഗീകരിക്കുക
  5. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ക്ക് നല്‍കി വരുന്ന വിദ്യാഭ്യാസ പരിശീലന പരിപാടികളില്‍ പങ്കെടുപ്പിക്കുക.


കേരളത്തിലെ അധ്യാപകരുടെ ഈറ്റില്ലമായ ബി.എഡ്. വിദ്യാഭ്യാസ പരിശീലന കോളേജുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായിട്ടും അതിലൂടെ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ മൊത്തം അഭിവൃദ്ധിപ്പെടുത്തുവാനും  മേല്‍പ്പറഞ്ഞ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കണം എന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.

No comments: