October 02, 2011

ബി.എഡ്. -കേരളത്തിലെ ഇന്നത്തെ അവസ്ഥ


കേരളത്തില്‍ ബി.എഡ് കോളേജുകള്‍ താഴെ പറയും വിധമാണ് :

1)        സര്‍ക്കാര്‍ കോളേജുകള്‍ - നാലെണ്ണം
2)        Aided കോളേജുകള്‍ - പതിനേഴെണ്ണം
3)         ബാക്കി സ്വകാര്യ -സ്വാശ്രയ കോളേജുകള്‍ - ഇരുനൂറിലധികം

ബി.എഡ് അധ്യാപകരുടെ അവസ്ഥ
സര്‍കാര്‍ കോളേജുകളിലും, ഐടെഡ് കോളേജുകളിലും സര്‍കാര്‍ / യു.ജി.സി. ശമ്പളം. സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ അധ്യാപകര്‍ക്ക് പന്ത്രണ്ടായിരം രൂപയും പ്രിന്‍സിപ്പല്‍മാര്‍ക്ക് പതിനയ്യായിരം രൂപയും. മറ്റു ആനുകൂല്യങ്ങള്‍ ഒന്നും ഇല്ല. ജോലി സുരക്ഷയും ഇല്ല.


നിയമനം
സര്‍ക്കാര്‍ കോളേജുകളില്‍ പി.എസ്.സി വഴി. എന്നാല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന. മിക്കവാറും അവര്‍ക്ക് മാത്രമേ കിട്ടാറുള്ളൂ.

ഐടെഡ് കോളേജുകളില്‍ ജോലി കിട്ടണം എങ്കില്‍ മാനേജ്മെന്റുകള്‍ക്ക് ലക്ഷകണക്കിന് രൂപ കോഴ കൊടുക്കണം. ജാതി -മത പരിഗണനകളും ഉണ്ട്.

ബാക്കി തൊണ്ണൂറു ശതമാനം ബി.എഡ് കോളേജുകളിലും അവരവര്‍ തന്നെ ഇന്റര്‍വ്യൂ ചെയ്യുന്നു.


കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലെ ബി.എഡ് അധ്യാപകരുടെ സേവന വ്യവസ്ഥകള്‍
(മറ്റു യൂണിവേഴ്സിറ്റികളിലെ സ്വാശ്രയ ബി.എഡ് കോളേജുകളിലെ സ്ഥിതിയും  ഇത് തന്നെ)

അധ്യാപകരും പ്രിന്‍സിപ്പാള്‍മാരും കൂടി ഏകദേശം 120 പേര്‍ ജോലി ചെയ്യുന്നു.

ടീച്ചര്‍മാരും പ്രിന്‍സിപ്പാള്‍മാരും  കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നു.

ടീച്ചര്‍മാരുടെ ശമ്പളം - Rs. 12,000/- only

പ്രിന്‍സിപ്പാള്‍ മാരുടെ ശമ്പളം  - Rs. 15,000/- only

വാര്‍ഷിക വര്‍ധനവ്‌ - Rs. 250/- only

സ്വകാര്യ കോളേജുകളിലെ അധ്യാപകരുടെ സ്ഥിതിയും ഏകദേശം ഇത് തന്നെ.


ബി.എഡ് കോളേജുകളില്‍ പഠിപ്പിക്കാന്‍ വേണ്ട യോഗ്യത
ബി.എഡ്. കോളേജുകളില്‍ പഠിപ്പിക്കാന്‍ വേണ്ട യോഗ്യത തീരുമാനിക്കുന്നത് എന്‍.സി.റ്റി.ഇ. (NCTE -National Council for Teacher Education) ആണ്.

അവരുടെ നിബന്ധന പ്രകാരം അധ്യാപകര്‍ യൂ.ജി.സി. നെറ്റ് (UGC-NET) പാസായിരിക്കണം; എം. എഡ് യോഗ്യത നേടിയിരിക്കണം.

ഇത് പ്രകാരം യോഗ്യത ഉള്ളവരെ ആണ് ഈ കോളേജുകളില്‍ നിയമിക്കുന്നത്. ചിലര്‍ക്ക് വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റ്‌ വരെ യോഗ്യത ഉള്ളവര്‍ ഉണ്ട്. സര്‍ക്കാര്‍ കോളേജുകളിലും എടെഡ് കോളേജുകളിലും ഒരു പോലെ തന്നെ. എന്നാല്‍ സേവന വേതന വ്യവസ്ഥകളിലെ അന്തരം വളരെ കൂടുതല്‍.


സ്വാശ്രയ ബി.എഡ്. അധ്യാപകരുടെ കാര്യങ്ങള്‍
ഇരുനൂറോളം അധ്യാപകര്‍ യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന ബി.എഡ് കോളേജുകളില്‍ ജോലി ചെയ്യുന്നുണ്ട്. അവരില്‍ തൊണ്ണൂറു ശതമാനത്തിലധികം വനിതാ അധ്യാപകര്‍ ആണ്. പരാശ്രയം കൂടാതെ ജീവിക്കാന്‍ ഉള്ള ശമ്പളം പോലും യൂണിവേഴ്സിറ്റികള്‍ അവര്‍ക്ക് നല്‍കുന്നില്ല.  അവര്‍ക്ക് അസുഖം വന്നാല്‍ നയാ പൈസ യൂണിവേഴ്സിറ്റികള്‍  മെഡിക്കല്‍ ഇനത്തില്‍ നല്‍കില്ല. അവര്‍ക്ക് പ്രസാവാവധി പോലും ഇല്ല. ജോലി സുരക്ഷ ഇല്ല. യാത്ര ബത്ത പോലും നല്‍കില്ല.

എല്ലാ വര്‍ഷവും  കരാര്‍ പുതുക്കണം. അതിനു അപേക്ഷിച്ചാല്‍ ഉടന്‍ ഒന്നും പുതുക്കി നല്‍കില്ല. അത് മാസങ്ങളോളം വച്ച് കൊണ്ടിരിക്കും. ആ മാസങ്ങളില്‍ അവര്‍ക്ക് ശമ്പളം കിട്ടുന്നില്ല. വീട്ടില്‍ അരി വാങ്ങണം എങ്കില്‍ കടം വാങ്ങണം.

കേരളത്തിലെ അധ്യാപകരെ പരിശീലിപ്പിച്ചു എടുക്കുന്ന അധ്യാപകരുടെ സ്ഥിതി ഇതാണ്.

യൂണിവേഴ്സിറ്റികള്‍ തന്നെ ചെറിയ വേതനത്തില്‍ അധ്യാപകരെ നിയമിച്ചു  ബി.എഡ് അധ്യാപകരെ പരിശീലിപ്പിച്ചു എടുത്തു ലാഭകൊതിയന്മാരായ സ്വകാര്യ കോളേജുകള്‍ക്ക് മാതൃക കാണിക്കുന്നതിനാല്‍, സ്വകാര്യ കോളേജു കാര്‍ക്കും വേതനം വര്‍ദ്ധിപ്പിക്കേണ്ട. അവര്‍ക്കും സന്തോഷം.

ബി.എഡ്. പഠിക്കാന്‍ ഫീസ് വര്‍ധിപ്പിക്കാതെ 'കുട്ടികളെ' സഹായിക്കുന്ന യൂണിവേഴ്സിറ്റി  സ്വാശ്രയ കോളേജുകള്‍ അവിടത്ത അധ്യാപകരുടെ കണ്ണീരും വിയര്‍പ്പും കണ്ടില്ല എന്ന് നടിക്കുകയാണ്. ബി.എഡ്. കോളേജ് അധ്യാപകരെ ചൂഷണം ചെയ്തു സ്വാശ്രയ കോളേജുകള്‍ നടത്തി ഇവിടെ വിദ്യാഭ്യാസം പരിശീലനം നടത്തുന്നത് ന്യായീകരിക്കാവുന്ന കാര്യമാണോ?

"തൊഴില്‍ ഔദാര്യമല്ല, അവകാശമാണ്" എന്ന് വാദിക്കുന്ന പാര്‍ട്ടികള്‍ ഉള്ള നാടാണ് കേരളം. അവിടെ ഇതാണ് അധ്യാപകരുടെ സ്ഥിതി .


കോരന് കഞ്ഞി കുമ്പിളില്‍ തന്നെ!!
ജന്മി സമ്പ്രദായം പോയി എന്നും കഞ്ഞി മാത്രം കുടിക്കുന്ന കോരന്‍ ഇന്നില്ല എന്നും ഒക്കെ വിചാരിച്ചാല്‍ തെറ്റ്. കേരളത്തില്‍  ബി.എഡ് അധ്യാപകരില്‍ തൊണ്ണൂറു ശതമാനം കോരന്‍മാര്‍ തന്നെ. അവര്‍ക്ക് കഞ്ഞി എന്നും കുമ്പിളില്‍ തന്നെ.

സര്‍ക്കാര്‍ -എടെഡ് കോളേജ് അധ്യാപകര്‍ യൂ.ജി.സി. ശമ്പളം വാങ്ങുന്നു. റ്റി.എ., ഡി.എ. വാങ്ങുന്നു, ജീവിത ചിലവിനനുസരിച്ചു ഇടയ്ക്കിടയ്ക്ക് ശമ്പളത്തിന്റെ കൂടെ ഡി.എ. വര്‍ധിപ്പിക്കുന്നു. എല്ലാ വിധ അവധികളും അസുഖം വന്നാല്‍ മെഡിക്കല്‍ ചിലവുകള്‍,

പ്രസവാവധി തുടങ്ങിയ ആനുകൂല്യങ്ങളും പറ്റുന്നു.

എന്നാല്‍ യൂണിവേഴ്സി റ്റി കള്‍ നടത്തുന്ന സ്വാശ്രയ കോളേജുകളില്‍ ജോലി ചെയ്യുന്ന തുല്യ യോഗ്യതകള്‍ ഉള്ള 'കോരന്മാര്‍''ക്ക് ഇതൊന്നും ഇല്ല. കമാ എന്നൊരു അക്ഷരം മിണ്ടാതെ ജോലി ചെയ്തോണം. പോയ്ക്കോണം. കൊടുക്കുന്നത് വാങ്ങിക്കോണം. പിന്നെ പഴയ കാലത്ത് കോരനെ പോലെ തന്നെ എല്ലാ കാര്യത്തിലും ഇവരെയും കണക്കാക്കുന്നത്. എവിടെയും തൊടീക്കില്ല. ഇന്‍-സര്‍വീസ് പരിശീലനത്തിനും ഇവരുടെ സേവനം ഉപയോഗിക്കില്ല. ക്ലാര്‍ക്ക് മാരുടെ കുറവുള്ള സ്ഥലങ്ങളില്‍ ക്ലാര്‍ക്ക് ആയി ഉപയോഗിക്കും. പരീക്ഷ മേല്‍നോട്ടം, അഡ്മിഷന്‍ തുടങ്ങിയ സമയങ്ങളില്‍ ക്ലാര്‍ക്ക് ജോലി ചെയ്യേണ്ടത് ഇവരാണ്.

ഇവര്‍ക്ക് പ്രമോഷന്‍ കൊടുക്കില്ല. സര്‍ക്കാര്‍ അധ്യാപകര്‍ക്ക് സര്‍വീസ് കൂടുമ്പോള്‍ അസി.പ്രൊഫസര്‍, പ്രൊഫസര്‍, റീടാര്‍ തുടങ്ങിയ സ്ഥാനപ്പേരുകള്‍ ഉണ്ടാവും. സ്വാശ്രയ ബി.എഡ് കോളേജുകളില്‍ അധ്യാപകര്‍ക്ക് എത്ര സര്‍വീസ് ഉണ്ടെങ്കിലും ഇതൊന്നും ലഭിക്കില്ല. അവര്‍ എന്നും ടീച്ചര്‍ മാത്രം.

തൊണ്ണൂറു ശതമാനം യോഗ്യതയുള്ള അധ്യാപകരെ ചവിട്ടി താഴ്ത്തി നിറുത്തി എന്തിനാണ് പത്ത് ശതമാനം സര്‍ക്കാര്‍ -എടെഡ് കോളേജ് അധ്യാപകര്‍ക്ക് യൂ.ജി.സി. ശമ്പളം കൊടുക്കുന്നത്?


ബി. എഡ്. അധ്യാപകരെ അപമാനിക്കുന്നു
കാലിക്കറ്റ്‌ യൂണിവേഴ്സി റ്റി യില്‍ പന്ത്രണ്ടു സ്വാശ്രയ കോളേജുകളില്‍ സ്ഥിതി ഇതാണ്:

തൂപ്പുകാരന്‍ (കാരി), ലൈബ്രറി സൂക്ഷിപ്പുകാരന്‍ (കാരി) എന്നിവര്‍ കൂടാതെ സെക്ഷന്‍ ഓഫീസര്‍ എന്ന ഒരു ഉദ്യോഗസ്ഥന്‍  - ഈ മുന്ന് പേര്‍ മാത്രം യൂണിവേഴ്സിറ്റിയുടെ സ്ഥിരം ജീവനക്കാര്‍. സ്ഥാപനത്തിന്റെ തലവന്‍ ആയ പ്രിന്‍സിപ്പാള്‍, അധ്യാപകര്‍ എന്നിവര്‍ കരാര്‍ തൊഴിലാളികള്‍. അധ്യാപക വര്‍ഗ്ഗത്തിനെ അപമാനിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം? ഈ അധ്യാപകരെ ചൂഷണം ചെയ്ത പൈസ ഉപയോഗിച്ചാണ്  വിദ്യാര്‍ഥികളുടെ ഫീസ് കുറയ്ക്കുന്നത്. ഇവരില്‍ തൊണ്ണൂറു ശതമാനം പേരും വനിതകള്‍ ആണ്. അസംഘടിതരും.


വിദ്യാഭ്യാസത്തിന്റെ ഉന്നത സ്ഥാപനങ്ങള്‍  ചൂഷണത്തിന് മാതൃക കാണിക്കുന്നു.
കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്വാശ്രയ ബി.എഡ് കോളേജുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ചെറിയ വേതനം കൊടുത്തും, അവരെ അവരുടെ ജോലിക്ക് ചേര്‍ന്ന അന്തസ്സായ രീതിയില്‍ പരിഗണിക്കാതെയും കച്ചവടവല്‍ക്കരിക്കപെട്ടിരിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളും യൂണിവേഴ്സിറ്റിയുടെ മാതൃക അനുകരിക്കുന്നു. അസംഘടിതരും വനിതകളും ആയ പാവം അധ്യാപകരുടെ വിയര്‍പ്പും കൊണ്ട് ഇവിടെ അധ്യാപകരെ പരിശീലിപ്പിക്കുന്നു. ഒരു കുടുംബത്തിനു  അരി വാങ്ങാനോ, മരുന്ന് വാങ്ങാനോ തികയില്ല അവരുടെ ശമ്പളം. സമൂഹത്തില്‍ തമസ്സ് നിറയ്ക്കാന്‍ സര്‍വോന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുന്നത് നിരാശാജനകമാണ്. സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് അധ്യാപകരെ ചൂഷണം ചെയ്യാന്‍ ഇത് മാതൃക കാണിക്കുന്നു.


സ്വാശ്രയ അധ്യാപകര്‍ക്ക് ന്യായമായ സേവന വേതന വ്യവസ്ഥ ആക്കേണ്ടത് സമൂഹത്തിന്റെ ആവശ്യം
അംഗീകൃത വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ള ഉന്നത-പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. പല പാശ്ചാത്യ രാജ്യങ്ങളിലും സ്ഥിരം ജോലി എന്ന വ്യവസ്ഥിതി ഇല്ലെങ്കിലും ന്യായമായ കുറഞ്ഞ വേതനം നല്‍കാതെ ആളുകളെ ജോലിക്ക് വയ്ക്കാന്‍ അനുവാദം ഇല്ല. തൊഴില്‍ രംഗത്തെ ചൂഷണം അവിടെ തടയപ്പെടുന്നു. എന്നാല്‍ സോഷ്യലിസം വളരെയധികം വളര്‍ന്നു എന്ന് അവകാശപ്പെടുന്ന ഈ നാട്ടില്‍ സോഷ്യലിസ്റ്റ് രാഷ്ട്രീയ സംഘടനകള്‍ പോലും അസംഘടിതര്‍ ചൂഷണം ചെയ്യപ്പെടുന്നതിനെതിരെ പ്രതികരിക്കുന്നില്ല.

സ്വാശ്രയ ബി.എഡ് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ അധ്യാപകരുടെ തുല്യമായ വേതനം നല്‍കിയാല്‍ അത് അത്രയും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു തുല്യമാണ്. പഠിച്ചിറങ്ങുന്ന ബി.എഡ്. വിദ്യാര്‍ഥികള്‍ കുറെ പേര്‍ നാളെ ഈ രംഗത്ത്‌ വരാനുള്ളതാണ്. അവര്‍ ജീവിക്കാന്‍ വേണ്ടി മറ്റു നാടുകളിലേക്ക് പോകേണ്ടതില്ല.

ബി.എഡ് അധ്യാപകര്‍ക്ക് ശരിയായ വേതനം നല്‍കുന്നത് വഴി നല്ല കഴിവുള്ള അധ്യാപകരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും. ഇതൊരു ജീവിതമാര്ഗ്ഗമേ അല്ല എന്നതിനാലാണ് പുരുഷന്മാര്‍ ഈ രംഗത്ത് വരാതെ ഇരിക്കുന്നത്. ഒരു കുടുമ്പല്‍ പുലര്‍ത്താനുള്ള വരുമാനം ഇതില്‍ നിന്നും കിട്ടുകയില്ല എന്ന് മാത്രമല്ല ജോലി സ്ഥിരതയും മാന്യതയും ഇല്ലാതെയാണ് അധ്യാപക പരിശീലരംഗത്ത്‌ ജോലി ചെയ്യുന്നത്. അതാണ്‌ ഈ രംഗത്ത് തൊണ്ണൂറു ശതമാനം പേരും സ്ത്രീകള്‍ ആകാന്‍ കാരണം. അവര്‍ പര്ശ്രയം മൂലമാണ് ജീവിക്കുന്നത്.

അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകര്‍ ആയ ബി.എഡ് അധ്യാപകര്‍ക്ക് അന്തസ്സായ സേവന വേതനങ്ങള്‍ നല്‍കേണ്ടത് സമൂഹത്തിന്റെ ആവശ്യം കൂടിയാണ്. ഒരു അധ്യാപക പരിശീലക ഒരു വര്ഷം നൂറു അധ്യാപകരെ ആണ് പരിശീലിപ്പിക്കുന്നത്. ഈ നൂറു പേര്‍ നാളെ സ്കൂളുകളില്‍ ഓരോ വര്‍ഷവും നൂറു കണക്കിന് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നവര്‍ ആണ്. അവരുടെ വ്യക്തിതം രൂപപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്‌ ബി.എഡ്. കോളേജ്. അതിനാല്‍ തന്നെ അന്തസ്സായ സേവന വേതന വ്യവസ്ഥ അധ്യാപക പരിശീലകരുടെ ആത്മ വിശ്വാസം വര്‍ധിപ്പിക്കുകയും അവരുടെ വ്യക്തിത്വത്തില്‍ അത് പ്രതിഫലിക്കുകയും ചെയ്യും. ഇത് ലക്ഷ കണക്കിന് സ്കൂള്‍ വിദ്യാര്‍ഥികളിലേക്ക് പകര്‍ന്നു നല്‍കപ്പെടും.







No comments: