January 23, 2012

സ്കൂള്‍ കലോത്സവം - അര്‍ദ്ധരാത്രി പിഞ്ചു കുഞ്ഞുങ്ങളുടെ നടനം!! ബാല പീഡനം


കുട്ടികളെ പീഡിപ്പിക്കരുത് എന്നത് നിയമമാണ്. എന്നാല്‍ പീഡനങ്ങള്‍ കുറെകൂടി വ്യക്തമാക്കി നിയമം ഉണ്ടാക്കണമായിരുന്നു.


കലോത്സവത്തില്‍ ആറു മണിക്ക് നടക്കേണ്ട നൃത്തം നടക്കുന്നത് അര്‍ദ്ധരാത്രി കഴിഞ്ഞ്. വെളുപ്പിന് മൂന്നു മണിക്ക് വരെ നൃത്തമത്സരം നടക്കുകയാണ്. ഒരു സമ്മാനം കിട്ടാന്‍ കൊതിക്കുന്ന കുട്ടികള്‍, അവരെ അതിനായി പ്രോത്സാഹിപ്പിച്ചു എത്തിച്ച മാതാപിതാക്കള്‍, സ്കൂള്‍ അധികൃതര്‍ എല്ലാരും ഉണര്‍ന്നിരിക്കുന്നു രാത്രി മുഴുവന്‍. കൊതുക് കടി ആണെങ്കില്‍ അസഹനീയം!


പറഞ്ഞ സമയത്തിന് മത്സരം നടക്കും എന്ന് വിശ്വസിക്കുന്ന കുട്ടികള്‍ വിഡ്ഢികള്‍ ആവുന്നു. വേഷം കെട്ടി നില്‍ക്കുന്ന കുട്ടികള്‍ക്ക് മൂത്രം ഒഴിക്കാനോ  കക്കൂസില്‍ പോവാനോ തോന്നിയാല്‍ അതിനു കഴിയില്ല. വിശപ്പും ക്ഷീണവും ഉറക്കവും കൊണ്ട് തളര്‍ന്ന കുട്ടികള്‍ക്ക്  കൊതുക് കടിച്ചാല്‍ അടിച്ചു കൊല്ലാന്‍ കഴിയില്ല. വേഷവും മേക്കപ്പും ചീത്തയാക്കാന്‍ പറ്റില്ല. ക്രൂരമായ ഈ പീഡനത്തിന്റെ   അവസാനം പ്രോഗ്രാം കഴിഞ്ഞേ ഉണ്ടാവൂ.


ഈ നാട്ടില്‍ സമയത്തിന് ഒന്നും നടക്കൂല എന്ന സന്ദേശം അധികൃതര്‍ കുട്ടികളില്‍ എത്തിച്ചു കൊടുക്കുകയാണ്. അവരെ ചീത്തയാക്കുകയാണ് സംഘാടകര്‍ ചെയ്യുന്നത്‌.

കുട്ടികളുടെ ആരോഗ്യത്തിന് ഗുരുതരമായ ദോഷം വരാവുന്ന കാര്യമാണ് വേഷം കെട്ടി ആറും എട്ടും മണിക്കൂര്‍ ഇരിക്കേണ്ടി വരുന്നത്. മൂത്രം പിടിച്ചു വെയ്ച്ചും കക്കൂസില്‍ പോവാന്‍ വയ്യാതെയും ഉറക്കം വന്നിട്ടും ഉറങ്ങാന്‍ വയ്യാതെയും... സ്വന്തം മക്കളെ ഇത് പോലെ വിദ്യാഭ്യാസ അധികൃതര്‍ പീഡിപ്പിക്കുമോ? അവര്‍ക്ക് വൃക്കരോഗം വന്നാലോ? ചില കുട്ടികള്‍ക്ക് ബാല്യ കാലത്ത് തന്നെ ഹൃദയാഘാതം ഉണ്ടാവാം.


ഈ ക്രൂരത ഇനിയെങ്കിലും അവസാനിപ്പിക്കണം. പറഞ്ഞ സമയത്ത് പ്രോഗ്രാം നടത്താന്‍ സാധിച്ചേ മതിയാവൂ. അല്ലെങ്കില്‍ സ്കൂള്‍ കലോത്സവം എന്ന മാമാങ്കം പരിഷ്ക്കരിക്കണം. കലാതിലകത്തിനെയും പ്രതിഭയും കണ്ടെത്താന്‍ ഉള്ള വെമ്പല്ലില്‍ കേരളത്തില്‍ മൊത്തം നിന്നുള്ള കുട്ടികളെ ഒരു നഗരത്തില്‍ വിളിച്ചു വരുത്തി കാട്ടികൂട്ടുന്ന ഈ കലയെ കൊല്ലുന്ന ഭ്രാന്ത് അവസാനിപ്പിക്കണം. എന്തിനു വേണ്ടിയാണ് ഇങ്ങനെ ഒരു കലോത്സവം നടത്തുന്നത്? ഒരു കാവ്യാമാധവനെയും ഒരു മഞ്ചുവാര്യരെയും കണ്ടെത്തി സിനിമാ വ്യവസായത്തിന് സംഭാവന ചെയ്യാനൊ?


ഓരോ കലയും അതിന്റേതായ പ്രത്യേകതകള്‍ ഉള്ളവയാണ്. ഒരു വര്‍ഷം മുഴുവന്‍ നീണ്ടു കിടക്കുകയാണ്. ഇവയെല്ലാം ഓരോന്നായി നടത്തിയാല്‍ പോരെ? പെയിന്റിംഗ് മത്സരം മുതല്‍ കുച്ചിപ്പുടി വരെ ഒരുമിച്ചു നടത്തണം എന്ന് വയ്ക്കുന്നത് എന്തിന് ? തൃശ്ശൂരിലെ, അല്ലെങ്കില്‍ ഏതെങ്കിലും നഗരത്തിലെ, വ്യാപാരികള്‍ക്ക് സൗകര്യം ചെയ്യാനൊ? 


പല ഘട്ടങ്ങള്‍ ആയി ഒരു വര്‍ഷത്തില്‍ പല സമയത്തായി നടത്താവുന്ന കാര്യമാണ് ഈ പരിപാടികള്‍ ഒക്കെ. സമാധാനം ആയി നടത്തി കുട്ടികള്‍ക്ക് കലയോട് ബഹുമാനം തോന്നുന്ന തരത്തില്‍ ഒന്നാകണം അത്. കല എങ്കിലും ടെന്‍ഷന്‍ കൂടാതെ ആസ്വാദ്യകരമായ അനുഭവം ആക്കി മാറ്റാന്‍ കഴിയണം. പഠനം ഉള്‍പ്പടെ മറ്റു എല്ലാ രംഗങ്ങളിലും മാനസിക സംഘഷം ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടല്ലോ!!?


സമ്മാനം കിട്ടാത്ത കുട്ടികളെ കരയിക്കുന്ന ഒരു പ്രോഗ്രാം ആവരുത്. എല്ലാവര്ക്കും  കഷ്ടപ്പാടുണ്ടാക്കുന്ന ഒരു ദുരിതോല്സവം ആവരുത്. എല്ലാര്‍ക്കും സന്തോഷം പകരുന്ന, സമൂഹത്തിനു ഗുണം ചെയ്യുന്ന, കുട്ടികള്‍ക്ക് നല്ല ആശയങ്ങള്‍ ലഭ്യമാക്കുന്ന തരത്തില്‍ സമാധാനമായി ഓരോ ഇനവും പ്രത്യേകം പല സമയത്തായി നടത്തണം.


തങ്ങള്‍ക്ക് എന്തും ആവാം (അമ്മാവന് അടുപ്പിലും ആവാം എന്ന് പറഞ്ഞത് പോലെ) എന്ന നിലപാട് വിദ്യാഭ്യാസ അധികൃതര്‍ ഉപേക്ഷിക്കണം. സമൂഹത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ചുമതല വഹിക്കുന്നവര്‍ ആണ് തങ്ങള്‍ എന്ന് അവര്‍ തിരിച്ചറിയണം. ഭാവി തലമുറയുടെ സ്വഭാവം രൂപീകരിക്കുന്ന ഒരു തൊഴിലാണ് തങ്ങളുടെതെന്ന ചിന്ത അവര്‍ക്ക് ഉണ്ടാവണം. ആറും എട്ടും മണിക്കൂര്‍ കുട്ടികളെ വേഷം അണിയിച്ചു നിര്‍ത്തുന്ന  അവസ്ഥ ഒഴിവാക്കണം. അതിനുള്ള മാര്‍ഗ്ഗം എന്തെന്ന് തീരുമാനിക്കാനുള്ള പ്രോഫെഷനലിസം അവര്‍ക്ക് ഉണ്ടാവണം.

No comments: