August 15, 2011

യൂനിവേഴ്‌സിറ്റി ബി.എഡ് സെന്ററുകളിലെ അധ്യാപകര്‍ക്ക് അവഗണന

http://www.madhyamam.com/news/108693/110813

യൂനിവേഴ്‌സിറ്റി ബി.എഡ് സെന്ററുകളിലെ അധ്യാപകര്‍ക്ക് അവഗണന


പേരാമ്പ്ര: വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പരിഷ്‌കാരം നടപ്പാക്കുമ്പോഴും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കു കീഴിലെ ബി.എഡ് സെന്ററുകളിലെ അധ്യാപകരെ അവഗണിക്കുന്നു. ജോലിസ്ഥിരതയില്ലാത്ത ഇവര്‍ വര്‍ഷങ്ങളായി കാരടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്.

സേവനവേതന വ്യവസ്ഥകള്‍ പരിതാപകരമാണ്. വാര്‍ഷിക വര്‍ധന തുച്ഛമായ 250 രൂപ മാത്രമാണ്. ചികിത്സ സഹായമോ പ്രസവാവധിയോ ഇല്ല. സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ സ്ഥിര അധ്യാപകര്‍ക്ക് നല്‍കുന്നതുപോലെ പ്രമോഷനോ പ്രഫ. അസി. പ്രഫ. സ്ഥാനപ്പേരുകളോ ഇവര്‍ക്ക് നല്‍കുന്നില്ല.

ഇവരുടെ പ്രവൃത്തി പരിചയം യൂനിവേഴ്‌സിറ്റിയിലെ മറ്റു നിയമനങ്ങളുടെ യോഗ്യതയായും അംഗീകരിച്ചില്ല. വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ ഭാഗമായുള്ള പരിശീലനങ്ങളൊന്നും യൂനിവേഴ്‌സിറ്റി സെന്ററുകളിലെ ബി.എഡ് അധ്യാപകര്‍ക്ക് നല്‍കുന്നില്ല.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കു കീഴില്‍ വിവിധ ജില്ലകളിലായി ഇത്തരം 11 ബി.എഡ് സെന്ററുകളാണുള്ളത്.

ഇവിടെ പഠിപ്പിക്കുന്ന 90 ശതമാനം ആളുകളും ഉന്നത ബിരുദധാരികളാണ്. മിക്കവര്‍ക്കും യു.ജി.സി യോഗ്യതയുണ്ട്.

വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റ് നേടിയവരും കുറവല്ല. ജില്ലയില്‍ കോഴിക്കോട് ബീച്ച്, വടകര, പേരാമ്പ്രക്കടുത്ത ചക്കിട്ടപ്പാറ എന്നിവിടങ്ങിലാണ് വാഴ്‌സിറ്റി സെന്ററുകളുള്ളത്. പാലക്കാട്, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലായി ഒമ്പത് സെന്ററുകളും പ്രവര്‍ത്തിക്കുന്നു.

ഈ സെന്ററുകളിലെ ലൈബ്രേറിയന്‍, ക്ലര്‍ക്ക്, പ്യൂണ്‍ എന്നിവര്‍ സ്ഥിരം ജീവനക്കാരാണെന്നതാണ് കൗതുകകരം.

സ്‌കൂളുകളിലെ അധികമുണ്ടായിരുന്ന അധ്യാപകര്‍ക്ക് ജോലിസ്ഥിരത ഉറപ്പുവരുത്തിയ സര്‍ക്കാര്‍ ഉന്നത യോഗ്യതയുള്ള ബി.എഡ് സെന്ററുകളിലെ അധ്യാപകര്‍ക്ക് മികച്ച സേവനവേതന വ്യവസ്ഥകള്‍ നടപ്പാക്കാന്‍ യൂനിവേഴ്‌സിറ്റിയോട് ശിപാര്‍ശ ചെയ്യണമെന്നാണ് ഈ അധ്യാപകരുടെ ആവശ്യം.

University B.Ed Centers treat teachers as Coolies!

No comments: