May 04, 2013

അധ്യാപക പരിശീലകരെ അപമാനിക്കുന്ന സർവകലാശാലകൾ

https://docs.google.com/document/d/14XsaIypqiXVxMGLu4ndxbPFyeJujXJ6asTjpRWYQNLs/edit





വസ്തുതകൾ:

1. കേരളത്തിൽ 90 ശതമാനം ബി.എഡ്. കോളേജുകളും സ്വാശ്രയ കോളേജുകൾ ആണ്‌. പത്തു ശതമാനം കോളേജുകൾ മാത്രമെ സർക്കാർ അല്ലെങ്കിൽ aided മേഖലയിൽ ഉള്ളൂ.

2. മേൽപ്പറഞ്ഞ പത്തു ശതമാനം കോളേജുകളിലെ അധ്യാപകരുടെ പ്രവൃത്തി പരിചയം മാത്രമേ അംഗീകരിക്കപ്പെടുന്നുള്ളൂ.

3. കേന്ദ്ര സർക്കാർ കീഴിലുള്ള NCTE എന്ന സ്ഥാപനം കോളേജുകളുടെ ഗുണനിലവാരം പരിശോധിച്ച് അവയ്ക്ക് അംഗീകാരം കൊടുക്കുന്നു. ബി.എഡ്. കോളേജുകൾ രാജ്യത്ത് പ്രവർത്തിക്കണമെങ്കിൽ NCTE അംഗീകാരം ഉണ്ടായിരിക്കണം. NCTE എല്ലാ വർഷവും കോളേജുകളിൽ ഇൻസ്പെക്ഷൻ നടത്തുകയും ഗുണനിലവരം ഉറപ്പു വരുത്തുകയും ചെയ്യുന്നു.

4. കേരളത്തിൽ 90 ശതമാനം ബി.എഡ്. വിദ്യാർഥികളും 90 ശതമാനം ബി.എഡ് അധ്യാപകരും പഠിപ്പിക്കുന്നത് NCTE അംഗീകൃത സ്വാശ്രയ കോളേജുകളിൽ ആണ്‌.

5. ഈ സ്വാശ്രയ കോളേജുകളിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ പ്രവൃത്തി പരിചയം യൂണിവേഴ്സിറ്റിയൊ പി.എസ്.സി യൊ ഇപ്പോൾ അംഗീകരിക്കുന്നില്ല. തന്മൂലം ഈ അധ്യാപകർ സ്ഥിരജോലി നിയമനങ്ങളിൽ പിന്തള്ളപ്പെടുന്നു.

6. പ്രവൃത്തി പരിചയം അംഗീകരിച്ചില്ലെങ്കിലും സ്വാശ്രയ കോളേജുകളിലെ അധ്യാപകരെ യൂണിവേഴ്സിറ്റികൾ പ്രധാനമായ പല ജോലികളും വിശ്വസ്സിച്ചു ഏൽപ്പിക്കുന്നുണ്ട്. ബി.എഡ് വിദ്യാർഥികളുടെ internal evaluation നടത്തി മാർക്ക് ഇടാനും, യൂണിവേഴ്സിറ്റി പരീക്ഷാ പേപ്പറുകൾ പരിശോധിക്കാനും, യൂണിവേഴ്സിറ്റി പരീക്ഷ നടത്തുമ്പൊൾ സൂപ്പർവൈസർമാർ ആയും ഇവർ നിയോഗിക്കപ്പെടുന്നു.

7. സ്വാശ്രയ കോളേജുകളിൽ അധ്യാപകരെ ചൂഷണം ചെയ്യുന്ന രീതിയാണ്‌ ഇന്നു നിലവിൽ ഉള്ളത്.

  • അനേകം വർഷങ്ങൾ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്താലും അവർക്ക് സ്ഥിരനിയമനം നല്കുന്നില്ല. വാർഷികാടിസ്ഥാനത്തിൽ കരാർ പുതുക്കുക മാത്രമെ ചെയ്യുന്നുള്ളൂ.
  • യാതൊരു വിധ അലവൻസുകളും പെൻഷനും അവർക്ക് നല്കുന്നില്ല. യൂണിവേഴ്സിറ്റിയിൽ തന്നെയുള്ള ഒരു ചെറിയ ന്യൂനപക്ഷമായ സ്ഥിരാധ്യാപകർക്ക് സർക്കാർ / യൂ.ജി.സി അടിസ്ഥാനത്തിൽ ഉള്ള സേവന വേതന വ്യവസ്ഥകൾ നൽകുമ്പോൾ ബഹുഭൂരിപക്ഷം വരുന്ന സ്വാശ്രയ അധ്യാപകർക്ക് യാതൊരു അലവൻസുകളും നൽകാതെ മാസം നിശ്ചിത തുക മാത്രം നൽകി ജോലി ചെയ്യിക്കുന്നു.
  • സ്ഥിരാധ്യാപകരും സ്വാശ്രയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരും തമ്മിൽ കടുത്ത വിവേചനം ആണ്‌ യൂണിവേഴ്സിറ്റി കാട്ടുന്നത്. തുല്യയോഗ്യതയും തുല്യജോലിയും ആണെങ്കിലും ആദ്യത്തെ കൂട്ടർക്ക് യൂ.ജി.സി സേവന വേതന വ്യവസ്ഥയും എല്ലാ ആനുകൂല്യങ്ങളും നൽകുമ്പോൾ രണ്ടാമത്തെ കൂട്ടർക്ക് മെഡിക്കൽ അലവൻസ്, പ്രസവാവധി തുടങ്ങിയ അടിസ്ഥാനപരമായ ആനുകൂല്യങ്ങൾ പോലും നൽകുന്നില്ല.
  • അധ്യാപകർക്ക് കുറഞ്ഞ വേതനം കൊടുത്ത് ചൂഷണം ചെയ്തു ലാഭം ഉണ്ടാക്കി സ്വാശ്രയ സ്ഥാപനങ്ങൾ നടത്തുന്ന വ്യവസ്ഥിതിയാണ്‌ ഇന്ന് നിലവിലുള്ളത്. ഇത് വിദ്യാഭ്യാസ മേഖലയ്ക്ക് ദോഷം ചെയ്യുന്ന പ്രവണതയാണ്‌. 90 ശതമാനം സ്ഥാപനങ്ങളും ഇത്തരത്തിൽ ആണ്‌ എന്നുള്ളതും ശ്രദ്ധേയമാണ്‌.
  • മേൽപ്പറഞ്ഞ ചൂഷണത്തിനും വിവേചനത്തിനും പുറമെ, സ്വാശ്രയ അധ്യാപകർക്ക് ഒരിക്കലും സ്ഥിരം ജോലി ലഭിക്കാതിരിക്കാൻ അവരുടെ വർഷങ്ങൾ അയി ഉള്ള കഠിനാധ്വാനം അംഗീകരിക്കാതെ അവരെ സ്ഥിരജോലികൾക്ക് ആയുള്ള നിയമനങ്ങളിൽ നിന്നും എന്നന്നേക്കും മാറ്റി നിർത്തുകയും ചെയ്യുന്നു.
  • യൂണിവേഴ്സിറ്റി നേരിട്ടു നടത്തുന്ന സ്ഥാപനങ്ങളിലെ അധ്യാപകരുടെ പ്രവർത്തി പരിചയം പോലും യൂണിവേഴ്സിറ്റികൾ അംഗീകരിക്കാത്തത് കടുത്ത അനീതിയും മനുഷ്യാവകാശ ധ്വംസനവും ആണ്‌.
  • NCTE പരിശോധിച്ച് അംഗീകാരം നൽകിയ സ്ഥാപനങ്ങളിലെ അധ്യാപകരുടെ പ്രവൃത്തി പരിചയം അംഗീകരിക്കാത്തത് NCTE യെ അംഗീകരിക്കാത്തതിനു തുല്യമാണ്‌. അങ്ങിനെ എങ്കിൽ പൊതുമുതൽ ഉപയോഗിച്ച് നടത്തുന്ന NCTE എന്ന സ്ഥാപനം തന്നെ നടത്തുന്നതിൽ അർഥമില്ല.
  • സ്വാശ്രയ കോളേജുകളിലെ അധ്യാപകർ NCTE നിർദ്ദേശിച്ചിട്ടുള്ള നിശ്ചിത യോഗ്യതകൾ ഉള്ളവർ ആണ്‌. അത് NCTE പരിശോധിച്ചിട്ടുള്ളതും ആണ്‌. യൂ.ജി.സി. നെറ്റ് പാസായവരും ചിലർ അതിനു പുറമെ പി.ഏച്ച്. ഡി ഉള്ളവരും ആണു്,
  • യൂണിവേഴ്സിറ്റി നേരിട്ടു നടത്തുന്ന സ്വാശ്രയ കോളേജുകളിലെ അധ്യാപകർക്ക് വർഷങ്ങൾ ജോലി ചെയ്താലും Lecturer, Asst. Professor, Professor, Reader തുടങ്ങിയ സ്ഥാനങ്ങൾ നൽകാതെയും അവർക്ക് ഗവേഷണ വിദ്യാർഥികളെ ഗൈഡ് ചെയ്യാനുള്ള ഗൈഡ്ഷിപ്പ് നൽകാതെയും മാറ്റി നിർത്തുന്നു. ഭൂരിപക്ഷം വരുന്ന (90%) അധ്യാപകരെ ഇങ്ങനെ മാറ്റി നിർത്തി യൂണിവേഴ്സിറ്റിയുടെ വിഭവങ്ങൾ ചെറിയ ഒരു വിഭാഗം അധ്യാപകർക്കായി ചിലവാക്കുകയും ഇക്കൂട്ടർ സർവ വിധ സൗകര്യങ്ങളും അനുഭവിക്കുകയും ചെയ്യുന്നു.
  • യൂണിവേഴ്സിറ്റി നേരിട്ടു നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളിലെ അധ്യാപകരെ നിയമിക്കുന്നത് അവിടുത്തെ സ്ഥിരം അധ്യാപകരെ നിയമിക്കുന്ന അതേ പ്രക്രിയയിലൂടെ തന്നെയാണ്‌. സ്വാശ്രയ കോളേജുകളിലെ പ്രിൻസിപ്പൽമാരെ നിയമിക്കുന്നത് വൈസ് ചാൻസലർ അടങ്ങിയ ഇന്റർവ്യൂ ബോർഡാണ്‌. അധ്യാപകരെ നിയമിക്കുന്നത് രജിസ്റ്റ്രാർ അടങ്ങിയ ബോർഡും. പത്രങ്ങളിൽ പരസ്യം നല്കിയാണ്‌ നിയമനം നടത്തുന്നതും.
  • ഈ അധ്യാപകരുടെ self esteem ചോദ്യം ചെയ്യുന്ന മറ്റൊരു കാര്യം യൂണിവേഴ്സിറ്റി ചെയ്യുന്നത് എന്തെന്നാൽ ഈ സ്വാശ്രയ സ്ഥാപനങ്ങളിൽ പ്രിൻസിപ്പാളും അധ്യാപകരും ഒഴിച്ചുള്ളവർ (ലൈബ്രെറിയൻ, പ്യൂൺ, സെക്ഷൻ ഒഫ്ഫീസർ എന്നിവർ) സ്ഥിര ജീവനക്കാരാണ്‌ എന്നതും അവരെക്കാൾ ശമ്പളം വാങ്ങുന്നവരും ആണ്‌ എന്നുള്ളതാണ്‌. അധ്യാപകവൃത്തിയെ തന്നെ അപമാനിക്കുന്ന കച്ചവട രീതിയാണ്‌ യൂണിവേഴ്സിറ്റികൾ കാണിക്കുന്നത്.